ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇതു കഥയല്ല.


കഴിഞ്ഞു പോയ കാര്യങ്ങൾ ഇപ്പോൾ കാണാം എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്താ കഥ പറയാൻ പോകുകയാണോ എന്നായിരിക്കും ഒരു പക്ഷേ നിങ്ങളുടെ ചോദ്യം.

കഥകളിൽ അങ്ങനെയൊക്കെ ആവാം എന്നു നമുക്കറിയാം. സമയയന്ത്രത്തിൽ കയറി ഭൂതകാലത്തിലേക്ക് സഞ്ചരിച്ചവരുടെ കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. വൈക്കം ചന്ദ്രശേഖരൻനായരുടെ "സ്മൃതികാവ്യം" എന്ന നോവലിൽ 'മാ' എന്ന പെൺകുട്ടി സമയത്തിലൂടെ പിന്നിലേക്കും പ്രപഞ്ചത്തിന്റെ അതിരിലേക്കും സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങളാണ് ഇതിവൃത്തമാകുന്നത്. എം. മുകുന്ദന്റെ "ആദ്യത്യനും രാധയും മറ്റു ചിലരും' എന്ന നോവലിൽ ആദിത്യൻ 20-ാം നൂറ്റാണ്ടിലേക്ക് സഞ്ചരിച്ച താൻസന്റെ സംഗീതം കേൾക്കുന്നുണ്ട്. പക്ഷേ ഇതെല്ലാം കഥകളിലാണ്. യഥാർത്ഥത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെയും വസ്തുക്കളെയും കാണാൻ കഴിയും എന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?

വിശ്വസിച്ചേ പറ്റൂ. കഥയുമായി ഇതിനൊരു വ്യത്യാസമുണ്ട്. കഥകളിൽ വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തിലേക്കു യാത്ര ചെയ്താണ് അവര പഴയ കാര്യങ്ങൾ കാണുന്നത്. പക്ഷേ നമ്മൾ വർത്തമാനകാലത്തിൽ നിന്നുകൊണ്ടുതന്നെയാണ് ഭൂതകാലത്തെ കാണുന്നത്.

എന്താ വിശ്വാസം വരുന്നില്ലേ? ഇല്ലെങ്കിൽ ഇന്നു രാത്രിയിലൊന്നു പുറത്തിറങ്ങി നോക്കൂ. ആകാശത്ത് നിങ്ങൾക്ക് എന്താണ് കാണാൻ കഴിയുന്നത്? ധാരാളം നക്ഷത്രങ്ങൾ അല്ലെ? പതിച്ചുവെച്ചിരിക്കുന്ന മുത്തുകൾ കണ്ടാൽ എല്ലാം ഒരേ അകലത്തിലാണ് എന്നു തോന്നുമെങ്കിലും സത്യം അങ്ങനെയല്ല. ഓരോ നക്ഷത്രങ്ങളും നമ്മളിൽ നിന്ന് വ്യത്യസ്ത അകലങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. നമ്മുടെ കണ്ണുകൾക്ക് ഒരു പ്രത്യേക അകലത്തിനപ്പുറമുള്ള ദൂരവ്യതിയാനങ്ങളെ തിരിച്ചറിയാൻ കഴിയില്ല. അതുകൊണ്ട് ആ പരിധിക്കപ്പുറത്തുള്ള വസ്തുക്കളെല്ലാം ഒരു പ്രത്യേക അകലത്തിൽ ഒന്നിച്ചു നിൽക്കുന്നതായി നമുക്ക് തോന്നും.

നക്ഷത്രങ്ങളുടെ അകലം പ്രകാശവർഷത്തിലാണ് പറയുക എന്ന് നിങ്ങൾ പഠിച്ചിട്ടുണ്ടായിരിക്കും. 'സിറിയസ്' എന്ന നക്ഷത്രം ഭൂമിയിൽനിന്ന് എട്ട് പ്രകാശ വർഷം അകലെയാണ്. അതായത്, സിറിയസ്സിൽ നിന്ന് പുറപ്പെട്ട ഒരു പ്രകാശകണം എട്ടുവർഷം സഞ്ചരിച്ചാലേ ഭൂമിയിലെത്തൂ.

ഒരു വസ്തുവിനെ നമുക്ക് കാണാൻ കഴിയുന്നത് അതിൽ നിന്നു പുറപ്പെടുന്ന പ്രകാശമോ അല്ലെങ്കിൽ അതിൽതട്ടി പ്രതിഫലിക്കുന്ന പ്രകാശമോ നമ്മുടെ കണ്ണിൽ പതിയുമ്പോഴല്ലേ. സിറിയസ്സിൽ നിന്നും എട്ടുവർഷം മുമ്പ് പുറപ്പെട്ട പ്രകാശമാണ് ഇപ്പോൾ നമ്മുടെ കണ്ണുകളിൽ തട്ടുന്നത് എന്നു പറഞ്ഞാലെന്താ? എട്ടുവർഷം മുമ്പുള്ള സിറിയസ്സിനെയാണ് നാമിപ്പോൾ കാണുന്നത് എന്നല്ലേ.

'തിരുവാതിര' നക്ഷത്രം 587 പ്രകാശവർഷം അകലെയും 'ദെനെബ്' 1630 പ്രകാശവർഷം അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. അതായത്, 587 കൊല്ലം മുമ്പുള്ള തിരുവാതിരയേയും 1630 വർഷം മുമ്പുള്ള ദെനെബിനെയുമാണ് നാം കാണുന്നത് എന്നു തന്നെയല്ലേ?

സൂപ്പർനോവ 1987Aയുടെ അവശിഷ്ടം.
1987ൽ ഭൂമിയിൽ നിന്നു കണ്ട നക്ഷത്രവിസ്ഫോടനം (സൂപ്പർനോവ 1987 A) മാഗല്ലൻ മേഘം എന്ന ഗാലക്സിയിൽ സംഭവിച്ചതാണ്. ഈ ഗാലക്സി രണ്ട് ലക്ഷം പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. 1987ൽ ഭൂമിയിനിന്നു കണ്ട സൂപ്പർനോവ ഉണ്ടായത് രണ്ട് ലക്ഷം കൊല്ലം മുമ്പാണ് എന്നല്ലെ അതിനർത്ഥം.

ഇപ്പോഴെന്തു പറയുന്നു? പണ്ടുണ്ടായ കാര്യങ്ങളും അസ്തുക്കളും നമുക്ക് കാണാം എന്നു പറഞ്ഞതു ശരിയല്ലേ? ഇപ്പോൾ നമ്മൾ കാണുന്ന നക്ഷത്രങ്ങൾ അവിടെയുണ്ട് എന്നതിന് എന്താണുറപ്പ്? ചിലതെങ്കിലും ഇപ്പോൾ ഇല്ലാത്തവയായിരിക്കില്ലേ?

കൂട്ടത്തിൽ മറ്റൊരു കാര്യം കൂടി പറയട്ടെ. ഇടക്കൊക്കെ, പത്രങ്ങളിൽ കോടിക്കണക്കിനു പ്രകാശവർഷം അകലെയുള്ള പ്രപഞ്ചവസ്തുക്കളെ കണ്ടെത്തിയ വാർത്തകൽ കാണാറില്ലേ? 1500 കോടി പ്രകാശവർഷം അകലെയുള്ള ഒരു പ്രപഞ്ചവസ്തു കണ്ടെത്തി എന്നു പറഞ്ഞാൽ നമ്മൾ നേരത്തെ പറഞ്ഞതനുസരിച്ച് 1500 കോടി വർഷം മുമ്പുള്ള പ്രപഞ്ചത്തിന്റെ ഒരംശത്തെ കണ്ടു എന്നുതന്നെയാണല്ലോ. അതിനെ പഠിക്കുകയാണെങ്കിൽ 1500 കോടി വർഷം മുമ്പുള്ള പ്രപഞ്ചത്തിന്റെ ഘടനെയെക്കുറിച്ച് കുറെ വിവരങ്ങൾ നമുക്കു ലഭ്യമാകും. അതുകൊണ്ട് ജ്യോതിശാസ്ത്രജ്ഞർക്ക് ഈ പിന്നോട്ടു നോട്ടം കൌതുകത്തിനു മാത്രമല്ല; ഗൌരവമായ പഠനത്തിനു കൂടി വേണ്ടിയുള്ളതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാനത്തെ മാസങ്ങള്‍

മലയാളമാസങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?      ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവ തന്നെ. ഈ ചോദ്യം എത്ര എളുപ്പമായിരുന്നെന്നോ?      എന്നാല്‍ പോകാന്‍ വരട്ടെ. ഒരു ചോദ്യം കൂടി ചോദിക്കട്ടെ. എങ്ങനെയാണ് ഈ മാസങ്ങള്‍ക്ക് ഈ പേരുകള്‍ കിട്ടിയത് എന്നറിയാമോ?      എന്താ നിന്നു പരുങ്ങുന്നത്?      അറിയില്ലേ?      എന്നാല്‍ പറഞ്ഞുതരാം കേട്ടോളൂ.      നമ്മടെ ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട്. കണ്ടിട്ടുണ്ട് അല്ലേ? അവയെ കൂട്ടങ്ങളായി തിരിച്ച് ഓരോ കൂട്ട്ത്തിനും ഓരോ പേരുകളിട്ടിട്ടുണ്ട്. അതറിയാമോ?      വേട്ടക്കാരനെ അറിയാമെന്നോ. അതുപോലെ മറ്റു നക്ഷത്രങ്ങളെയും കൂട്ടമായി തിരിച്ച് പേരുകള്‍ നല്‍കിയിട്ടണ്ട്. കൂട്ടത്തിലെ പ്രധാന നക്ഷത്ര കൂട്ടിവരച്ചാല്‍ കിട്ടുന്ന രൂപത്തിന്റെ പേരാണ് ആ കൂട്ടത്തിനു നല്‍കുക.      മേഷമാണ് മേടമായത്. മേഷം എന്നാല്‍ ആട്. ഇടവം എന്നാല്‍ ഋഷഭം ആണ്. അതെ കാള തന്നെ. വൃശ്ചികം എന്ന...

അമ്മുവിന്റെ ആകാശം

കടപ്പാട് : നാസ   നേരം ഇരുട്ടായി . അമ്മു പതുക്കെ മുറ്റത്തേയ്ക്കിറങ്ങി . ആകാശത്തേയ്ക്കു നോക്കിയപ്പോഴതാ ഒരായിരം നക്ഷത്രങ്ങൾ അമ്മുവിനെ നോക്കി പുഞ്ചിരിയ്ക്കുന്നു . ചിലത് അമ്മുവിനെ നോക്കി കണ്ണിറുക്കുന്നു . അവൾക്ക് രസം കയറി . നക്ഷത്രങ്ങളെ തന്നെ നോക്കി നിന്നു . അപ്പോഴതാ ആകാശത്തു കൂടെ ഒരു നക്ഷത്രം പതുക്കെ നീങ്ങിപ്പോകുന്നു . ആ നക്ഷത്രം അതിന്റെ കൂട്ടുകാരിയുടെ അടുത്തേയ്ക്ക് വിരുന്നു പോവുകയായിരിയ്ക്കും . അമ്മു വിചാരിച്ചു . ഏതു നക്ഷത്രത്തിന്റെ അടുത്താണ് അത് നിൽക്കുന്നതെന്ന് നോക്കാലോ . “ അമ്മൂ . ന്താത്ര സൂക്ഷിച്ചു നോക്ക്ണ് ?” “ ആരാ ദ് ?” അമ്മു തലതാഴ്ത്തി ചുറ്റും നോക്കി . “ ആരേം കാണാൻ ല്യ .” “ ദാ . ഇങ്ങോട്ട് നോക്ക് ഞാനിവ്ട്യാ . ഈ മന്ദാരത്തില് .” “ മന്ദാരത്തിലോ ? അമ്മൂനാരേം കാണാൻ ല്യല്ലോ .” “ അയ്യേ . അമ്മൂന് ത്രേം കണ്ണ് കാണാൻ വയ്യാണ്ടായോ . ഈ പൂവില് ഞാനിരിന്ന്‌ങ്ങനെ മിന്നീട്ടും ന്നെ കാണാൻ ല്യേ ?” “ ഇതൊരു മിന്നാമി ന്ന്യ ല്ലേ . നീയാ ന്നോട് വർത്താനം പറേണ് ?” അമ്മുവിന് അത്ഭുതമായി . “ ആ . ഞാൻ തന്ന്യാ . നിയ്ക്ക് അമ്മൂനോട് വർത്താനം പറയാനാവൂലോ .” മിന്നാമി ന്നി ...