ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാനത്തെ മാസങ്ങള്‍

മലയാളമാസങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?
     ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിവ തന്നെ. ഈ ചോദ്യം എത്ര എളുപ്പമായിരുന്നെന്നോ?
     എന്നാല്‍ പോകാന്‍ വരട്ടെ. ഒരു ചോദ്യം കൂടി ചോദിക്കട്ടെ. എങ്ങനെയാണ് ഈ മാസങ്ങള്‍ക്ക് ഈ പേരുകള്‍ കിട്ടിയത് എന്നറിയാമോ?
     എന്താ നിന്നു പരുങ്ങുന്നത്?
     അറിയില്ലേ?
     എന്നാല്‍ പറഞ്ഞുതരാം കേട്ടോളൂ.
     നമ്മടെ ആകാശത്ത് ഒരുപാട് നക്ഷത്രങ്ങളുണ്ട്. കണ്ടിട്ടുണ്ട് അല്ലേ? അവയെ കൂട്ടങ്ങളായി തിരിച്ച് ഓരോ കൂട്ട്ത്തിനും ഓരോ പേരുകളിട്ടിട്ടുണ്ട്. അതറിയാമോ?

     വേട്ടക്കാരനെ അറിയാമെന്നോ. അതുപോലെ മറ്റു നക്ഷത്രങ്ങളെയും കൂട്ടമായി തിരിച്ച് പേരുകള്‍ നല്‍കിയിട്ടണ്ട്. കൂട്ടത്തിലെ പ്രധാന നക്ഷത്ര കൂട്ടിവരച്ചാല്‍ കിട്ടുന്ന രൂപത്തിന്റെ പേരാണ് ആ കൂട്ടത്തിനു നല്‍കുക.
     മേഷമാണ് മേടമായത്. മേഷം എന്നാല്‍ ആട്. ഇടവം എന്നാല്‍ ഋഷഭം ആണ്. അതെ കാള തന്നെ. വൃശ്ചികം എന്നാല്‍ എന്താണെന്നോ? ഞാന്‍ ആ കൂട്ടത്തിന്റെ ചിത്രം വരച്ചു കാണിച്ചു തരാം. ഇതാ നോക്ക്

     അതെ വൃശ്ചികം തേളു തന്നെ. 
      ഇതൊക്കെ എങ്ങനെയാണു മാസത്തിന്റെ പേരായത് എന്നോ? അതല്ലേ പറയാന്‍ പോകുന്നത്. ശ്രദ്ധിച്ചു കേള്‍ക്ക്.
     സൂര്യനെയും ചന്ദ്രനെയും പോലെ നക്ഷത്രങ്ങളും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുമെന്ന കാര്യം നിനക്കറിയാമോ? അറിയാമെങ്കില്‍ നല്ലത്. ഒരു ദിവസം സൂര്യനോടൊപ്പം ഉദിച്ച നക്ഷത്രം അടുത്ത ദിവസം സൂര്യനേക്കാള്‍ അല്പം നേരത്തെ ഉദിക്കും എന്ന കാര്യം അറിയാമോ? ഇല്ലേ? എന്നാല്‍ അതങ്ങനെയാണ്. നാലു മിനിറ്റ് നേരത്തെ ഉദിക്കും. അടുത്ത ദിവസം ആ നക്ഷത്രം കുറച്ചുകൂടി എന്നു വെച്ചാല്‍ 8 മിനിറ്റ് നേരത്തെ ഉദിക്കും. അങ്ങനെ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ നേരത്തെ ഉദിക്കും. അതായത് ഓരോ ദിവസവും സൂര്യന്‍ ആ നക്ഷത്രത്തില്‍ നിന്നും അകന്നകന്നു പോകുമെന്നര്‍ത്ഥം. ഇങ്ങനെ സൂര്യന്‍ മറ്റു നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച് ഒരു വര്‍ഷം കൊണ്ട് ആദ്യത്തെ നക്ഷത്രത്തിന്റെ ഒപ്പമെത്തും.
     ഓ, ഒന്ന് ക്ഷമിച്ചേക്ക്. സൂര്യനല്ല യഥാർത്ഥത്തിൽ സഞ്ചരിക്കുന്നത്. ഭൂമി സൂര്യനെ ചുറ്റുന്നതു മൂലം സൂര്യൻ സഞ്ചരിക്കുന്നതായി തോന്നുനതാണ്. അപ്പോൾ സൂര്യന്റെ പശ്ചാത്തലത്തിലുള്ള നക്ഷത്രങ്ങൾ മാറുന്നതായി നമുക്കു കാണാം.
     ധൃതി വെക്കാതെ. മാസത്തിനു പേരുണ്ടായ കഥ തന്നെയാണ് പറഞ്ഞു വരുന്നത്. ഇങ്ങനെ സൂര്യൻ സഞ്ചരിക്കുന്നതായി തോന്നുന്ന ആകാശഭാഗത്തെ പന്ത്രണ്ടായി തിരിച്ചു. ഇവയാണ് 12 രാശികൾ. ഈ രാശികളിലോരോന്നിലും നമ്മൾ നേരത്തെ പറഞ്ഞ ചിത്രങ്ങളുണ്ട്. ഈ ചിത്രങ്ങളുടെ പേരിലാണ് അവയുൾക്കൊള്ളുന്ന രാശികൾ അറിയപ്പെടുന്നത്.
     സൂര്യൻ നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നതായി തോന്നുന്നു എന്നു പറഞ്ഞല്ലോ. ഈ സഞ്ചാരത്തിൽ സൂര്യൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് കടക്കാനെടുക്കുന്ന സമയമാണ് ഒരു മാസം. ഈ കാലയളിവിന്, സൂര്യൻ ഏതു രാശിയിലൂടെയാണോ സഞ്ചരിക്കുന്നത് ആ രാശിയുടെ പേരു നൽകുന്നു. ഉദാഹരണത്തിന് സൂര്യൻ ഇടവം രാശിയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത് എങ്കിൽ ഇത് ഇടവമാസമാണ് എന്നു പറയും. ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്കു കടക്കുന്നതിനെ സംക്രമം എന്നു പറയും. കർക്കിടക സംക്രമം എന്നാൽ സൂര്യൻ മിഥുനം രാശിയിൽ നിന്നും കർക്കിടകം രാശിയിലേക്കു കടക്കുന്നു എന്നാണർത്ഥം. ഈ സംക്രമം തന്നെയാണ് നമ്മുടെ സംക്രാന്തി. 
     എന്താ, ഇപ്പോ മനസ്സിലായില്ലേ മാസങ്ങൾക്ക് മേടം, ഇടവം എന്നൊക്കെ പേരിടാൻ കാരണമെന്താണെന്ന്. ഇനി ഞാൻ ഒരു ചോദ്യം കൂടി ചോദിക്കട്ടെ. 
     ചിങ്ങമാസത്തിൽ നമുക്ക് ചിങ്ങം രാശിയിൽപെട്ട നക്ഷതങ്ങളെ കാണാൻ കഴിയുമോ?
     ആലോചിച്ച് ഉത്തരം പറഞ്ഞാൽ മതി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇതു കഥയല്ല.

കഴിഞ്ഞു പോയ കാര്യങ്ങൾ ഇപ്പോൾ കാണാം എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്താ കഥ പറയാൻ പോകുകയാണോ എന്നായിരിക്കും ഒരു പക്ഷേ നിങ്ങളുടെ ചോദ്യം . കഥകളിൽ അങ്ങനെയൊക്കെ ആവാം എന്നു നമുക്കറിയാം . സമയയന്ത്രത്തിൽ കയറി ഭൂതകാലത്തിലേക്ക് സഞ്ചരിച്ചവരുടെ കഥകൾ നമ്മൾ വായിച്ചിട്ടുണ്ട് . വൈക്കം ചന്ദ്രശേഖരൻനായരുടെ " സ്മൃതികാവ്യം " എന്ന നോവലിൽ ' മാ ' എന്ന പെൺകുട്ടി സമയത്തിലൂടെ പിന്നിലേക്കും പ്രപഞ്ചത്തിന്റെ അതിരിലേക്കും സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അനുഭവങ്ങളാണ് ഇതിവൃത്തമാകുന്നത് . എം . മുകുന്ദന്റെ " ആദ്യത്യനും രാധയും മറ്റു ചിലരും ' എന്ന നോവലിൽ ആദിത്യൻ 20- ാം നൂറ്റാണ്ടിലേക്ക് സഞ്ചരിച്ച താൻസന്റെ സംഗീതം കേൾക്കുന്നുണ്ട് . പക്ഷേ ഇതെല്ലാം കഥകളിലാണ് . യഥാർത്ഥത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെയും വസ്തുക്കളെയും കാണാൻ കഴിയും എന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും ? വിശ്വസിച്ചേ പറ്റൂ . കഥയുമായി ഇതിനൊരു വ്യത്യാസമുണ്ട് . കഥകളിൽ വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തിലേക്കു യാത്ര ചെയ്താണ് അവര പഴയ കാര്യങ്ങൾ കാണുന്നത് . പക്ഷേ നമ്മൾ വർത്തമാനകാലത്തിൽ നിന്നുകൊണ്ടുതന്നെയാണ് ഭൂതകാലത്തെ കാണുന്നത് . എന്താ വിശ്വാസം വരുന്നില്ല...

അമ്മുവിന്റെ ആകാശം

കടപ്പാട് : നാസ   നേരം ഇരുട്ടായി . അമ്മു പതുക്കെ മുറ്റത്തേയ്ക്കിറങ്ങി . ആകാശത്തേയ്ക്കു നോക്കിയപ്പോഴതാ ഒരായിരം നക്ഷത്രങ്ങൾ അമ്മുവിനെ നോക്കി പുഞ്ചിരിയ്ക്കുന്നു . ചിലത് അമ്മുവിനെ നോക്കി കണ്ണിറുക്കുന്നു . അവൾക്ക് രസം കയറി . നക്ഷത്രങ്ങളെ തന്നെ നോക്കി നിന്നു . അപ്പോഴതാ ആകാശത്തു കൂടെ ഒരു നക്ഷത്രം പതുക്കെ നീങ്ങിപ്പോകുന്നു . ആ നക്ഷത്രം അതിന്റെ കൂട്ടുകാരിയുടെ അടുത്തേയ്ക്ക് വിരുന്നു പോവുകയായിരിയ്ക്കും . അമ്മു വിചാരിച്ചു . ഏതു നക്ഷത്രത്തിന്റെ അടുത്താണ് അത് നിൽക്കുന്നതെന്ന് നോക്കാലോ . “ അമ്മൂ . ന്താത്ര സൂക്ഷിച്ചു നോക്ക്ണ് ?” “ ആരാ ദ് ?” അമ്മു തലതാഴ്ത്തി ചുറ്റും നോക്കി . “ ആരേം കാണാൻ ല്യ .” “ ദാ . ഇങ്ങോട്ട് നോക്ക് ഞാനിവ്ട്യാ . ഈ മന്ദാരത്തില് .” “ മന്ദാരത്തിലോ ? അമ്മൂനാരേം കാണാൻ ല്യല്ലോ .” “ അയ്യേ . അമ്മൂന് ത്രേം കണ്ണ് കാണാൻ വയ്യാണ്ടായോ . ഈ പൂവില് ഞാനിരിന്ന്‌ങ്ങനെ മിന്നീട്ടും ന്നെ കാണാൻ ല്യേ ?” “ ഇതൊരു മിന്നാമി ന്ന്യ ല്ലേ . നീയാ ന്നോട് വർത്താനം പറേണ് ?” അമ്മുവിന് അത്ഭുതമായി . “ ആ . ഞാൻ തന്ന്യാ . നിയ്ക്ക് അമ്മൂനോട് വർത്താനം പറയാനാവൂലോ .” മിന്നാമി ന്നി ...